Pages

Sunday 31 July 2011

ചരിത്രത്തിന്‍റെ കരുത്തുമായി കുമരകം ബോട്ട് ക്ലബ്‌



നെഹ്റുട്രോഫിയില്‍ വിജയം വെട്ടിപ്പിടിക്കാമെന്ന വിശ്വാസവുമായി കുമരകം ബോട്ട് ക്ലബ് ഇല്ലിക്കളം ചുണ്ടനില്‍ അങ്കത്തിനൊരുങ്ങുന്നു. രണ്ടാംഹീറ്റ്സില്‍ യഥാക്രമം മുട്ടേല്‍ കൈനകരി, കരുവാറ്റ പുത്തന്‍ചുണ്ടന്‍ , പുളിങ്കുന്ന് എന്നീ വള്ളങ്ങള്‍ക്കൊപ്പം മൂന്നാം ട്രാക്കിലായിരിക്കും ഇല്ലിക്കളം മത്സരിക്കുക. പരിശീലന തുഴച്ചിലാരംഭിച്ച കുമരകം ബോട്ട് ക്ലബ്ബിനു നെഹ്റുട്രോഫിയിലെ തിളക്കമാര്‍ന്ന റെക്കോഡ് തന്നെയാണ് കരുത്ത്. കഴിഞ്ഞതവണ ക്ലബ് ഫൈനലിലെത്തിയിരുന്നു. എസ് കെ ബാബു പട്ടാന്തറയാണ് ക്യാപ്റ്റന്‍ . 1970 കളിലാണ് കുമരകം ബോട്ട് ക്ലബ്ബിന്റെ തുടക്കം. ആദ്യം ഇരുട്ടുകുത്തിയിലാണ് മത്സരിച്ചത്. 1973 ആദ്യമായി കല്ലൂപ്പറമ്പന്‍ ചുണ്ടനിലെത്തിയ ഇവര്‍ നെഹ്റുട്രോഫിയുമായാണ് മടങ്ങിയത്. പിന്നീടുള്ള മൂന്നുവര്‍ഷവും ട്രോഫി നേടി ഹാട്രിക്ക് കൈവരിച്ചു. കുമരകം ബോട്ട് ക്ലബ് 1981ല്‍ ജവഹര്‍ തായങ്കരിയില്‍ കുറഞ്ഞ സമയത്തില്‍ ഫിനിഷ് ചെയ്ത റെക്കോര്‍ഡ് അടുത്തിടെയാണ് കൊല്ലം ജീസസ് ബോട്ട് ക്ലബ് മറികടന്നത്. 1982, 83, 84 വര്‍ഷങ്ങളില്‍ നെല്ലാനിക്കല്‍ പാപ്പച്ചന്റെ നേതൃത്വത്തില്‍ കാരിച്ചാല്‍ ചുണ്ടനില്‍ വീണ്ടും ഹാട്രിക്ക് നേടി. 2002ല്‍ സണ്ണി ജേക്കബിന്റെ നേതൃത്വത്തില്‍ ഇവര്‍ സുവര്‍ണ്ണ ജൂബിലി നെഹ്റുട്രോഫി സ്വന്തമാക്കി. വെള്ളംകുളങ്ങര ചുണ്ടനിലായിരുന്നു മത്സരിച്ചത്. വള്ളംകളിയുടെ ആചാര്യനായ പരേതനായ നെല്ലാനിക്കല്‍ പാപ്പച്ചന്റെ ടീം എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. നെഹ്റുട്രോഫി കൂടാതെ പായിപ്പാട് ജലോത്സവം, താഴത്തങ്ങാടി ജലോത്സവം, മുടങ്ങിപ്പോയ എറണാകുളം ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്രോഫിക്ക്വേണ്ടിയുള്ള വള്ളംകളി എന്നിവയില്‍ ഇവര്‍ മിന്നുന്ന വിജയം കൈവരിച്ചിട്ടുണ്ട്.



 സുകുമാരന്‍ താമരശേരി, പരേതരായ സുകുമാരന്‍ കൂനന്തറ, നെല്ലാനിക്കല്‍ പാപ്പച്ചന്‍ , വേലു പനയിടത്ത്ശ്ശേരി, പാറക്കല്‍ കുഞ്ഞച്ചന്‍ , കോക്കോത്ത് രാമദാസ്, സി പി നാണപ്പന്‍ പറത്തറ, എന്നിവരാണ് കുമരകം ബോട്ട്ക്ലബ് രൂപീകരണത്തിന് നേതൃത്വം നല്‍കിയത്.



 അഡ്വ. കെ സുരേഷ് കുറുപ്പ് എംഎല്‍എ പരിശീലനം ഉദ്ഘാടനംചെയ്തു. കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു ഫ്ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് പങ്കായം കൈമാറല്‍ ചേപ്പുംതറ സി പി കേശവന്‍ നിര്‍വഹിച്ചു. ഒന്നാംതുഴ തമ്പി മുണ്ടയിലും ഇടിയന്‍ സുകുമാരന്‍ താമരശ്ശേരിയും കൈമാറി. കെ എസ് സലിമോന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം കെ ടി സൈമണ്‍ പഞ്ചായത്തംഗങ്ങളായ വസുമതി ഉത്തമന്‍ , എ വി തോമസ്, കെ കെ രാരിച്ചന്‍ , സോണി നിലവത്തറ, പി കെ രാജേശ്വരി, കെ കെ രാരിച്ചന്‍ , അഡ്വ. എം എന്‍ പുഷ്കരന്‍ , വി ജി ശിവദാസ്, പി ജി ദേവദാസ്, സജു ജബോയി ഇല്ലിക്കളം, എസ് കെ ബാബു പട്ടാന്തറ എന്നിവര്‍ സംസാരിച്ചു. വൈസ് ക്യാപ്ടന്‍ വി എസ് കൊച്ചുമോന്‍ സ്വാഗതവും സെക്രട്ടറി പി പി ഷാജി നന്ദിയും പറഞ്ഞു.

No comments:

Post a Comment