Pages

Sunday 31 July 2011

നെഹ്‌റു ട്രോഫി മുത്തമിടാന്‍ കാരിച്ചാല്‍









ഓളപ്പരപ്പില്‍ പുളകമണിയിച്ച് നെഹ്റുട്രോഫിയില്‍ 13-ാം തവണയും മുത്തമിടാന്‍ കാരിച്ചാല്‍ ചുണ്ടന്‍റെ  ചുണക്കുട്ടന്മാര്‍ തുഴയെറിഞ്ഞു. ഇത്തവണ കൈനകരി ഫ്രീഡം ബോട്ട് ക്ലബിന്റെ ചിറകിലേറിയാണ് വള്ളംകളി പ്രേമികളുടെ അഭിമാനഭാജനം കായലോളങ്ങള്‍ കീറിമുറിക്കുന്നത്. മധ്യതിരുവിതാംകൂറിലെ ജലമേളകളുടെ "കേളികൊട്ടായ" ചമ്പക്കുളം മൂലം വള്ളംകളിയില്‍ തീപാറിയ പോരാട്ടത്തിലൂടെ രാജപ്രമുഖന്‍ ട്രോഫി സ്വന്തമാക്കിയാണ് ഈ വര്‍ഷത്തെ കാരിച്ചാലിന്റെ തുടക്കം. 2008ലും 2009ലും കൊല്ലം ജീസസ് ബോട്ട് ക്ലബാണ് കാരിച്ചാലിനെ നെഹ്റുട്രോഫിയുടെ നെറുകയിലെത്തിച്ചത്. 2008 മുതല്‍ 2011 വരെ രണ്ടു മത്സരങ്ങളിലൊഴികെ കാരിച്ചാലിന്റെ ജൈത്രയാത്രയായിരുന്നു. മൂലം വള്ളംകളിയിലും, പുളിങ്കുന്ന് രാജീവ്ഗാന്ധി ട്രോഫിയിലും ഹാട്രിക് നേടി. 53 1/4 കോല്‍ നീളവും 51 അംഗുലം വണ്ണവുമുള്ള ചുണ്ടനില്‍ 81 തുഴക്കാരും, 7 നിലക്കാരും 5 പങ്കായക്കാരുമുണ്ട്. കാരിച്ചാലിനെ ചുണ്ടന്‍വള്ളങ്ങളുടെ രാജാവാക്കിയവരില്‍ പ്രമുഖനായ ജിജി ജേക്കബിന്റെ നേതൃത്വത്തിലാണ് ഇക്കുറിയും അങ്കത്തിനിറങ്ങുക. 



പള്ളാത്തുരുത്തി പൂക്കൈതയാറ്റില്‍ പരിശീലനം ആരംഭിച്ചിട്ട് മാസം പിന്നിട്ടു. രാവിലെ എട്ടിന് തുടങ്ങുന്ന പരിശീലനം വൈകിട്ട് ആറു വരെ നീളും. എണ്ണയിട്ടയന്ത്രം പോലെ ഒരുകൈയും ഒരുമെയ്യുമായി മുഴുവന്‍ തുഴക്കാരും കാരിച്ചാലിനെ അമരത്തെത്തിക്കാന്‍ അണിനിരന്ന് കഴിഞ്ഞു. തുഴച്ചില്‍ക്കാര്‍ക്ക് പ്രദേശിക, ക്ലബ് വ്യത്യാസമില്ലാതെ പങ്കെടുക്കാന്‍ അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫ്രീഡം ബോട്ട് ക്ലബിന് രൂപം കൊടുത്തതെന്ന് ക്യാപ്ടന്‍ ജിജി ജേക്കബ്  പറഞ്ഞു. കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിലുള്ളവരാണ് ഇതിലെ തുഴച്ചില്‍ക്കാര്‍ . വള്ളംകളിയെ സ്നേഹിക്കുന്നവരുടെയും തുഴച്ചില്‍ താല്‍പ്പര്യമുള്ളവരുടെയും കൂട്ടായ്മയാണ് ഈ സംരംഭം. തന്റെ നേതൃത്വത്തില്‍ 2008 മുതല്‍ വള്ളംകളിയില്‍ പ്രൊഫഷണലിസം കൊണ്ടുവരാനുള്ള ശ്രമം ഫലപ്രാപ്തിയിലാണ്. ഈ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗമെന്ന നിലയില്‍ ഫ്രീഡം ബോട്ട് ക്ലബിന്റെ നേതൃത്വത്തില്‍ വള്ളംകളി മത്സരം സംഘടിപ്പിക്കാന്‍ ആലോചനയുണ്ടെന്ന് ജിജി.

No comments:

Post a Comment