Pages

Sunday, 31 July 2011

ചരിത്രത്തിന്‍റെ കരുത്തുമായി കുമരകം ബോട്ട് ക്ലബ്‌നെഹ്റുട്രോഫിയില്‍ വിജയം വെട്ടിപ്പിടിക്കാമെന്ന വിശ്വാസവുമായി കുമരകം ബോട്ട് ക്ലബ് ഇല്ലിക്കളം ചുണ്ടനില്‍ അങ്കത്തിനൊരുങ്ങുന്നു. രണ്ടാംഹീറ്റ്സില്‍ യഥാക്രമം മുട്ടേല്‍ കൈനകരി, കരുവാറ്റ പുത്തന്‍ചുണ്ടന്‍ , പുളിങ്കുന്ന് എന്നീ വള്ളങ്ങള്‍ക്കൊപ്പം മൂന്നാം ട്രാക്കിലായിരിക്കും ഇല്ലിക്കളം മത്സരിക്കുക. പരിശീലന തുഴച്ചിലാരംഭിച്ച കുമരകം ബോട്ട് ക്ലബ്ബിനു നെഹ്റുട്രോഫിയിലെ തിളക്കമാര്‍ന്ന റെക്കോഡ് തന്നെയാണ് കരുത്ത്. കഴിഞ്ഞതവണ ക്ലബ് ഫൈനലിലെത്തിയിരുന്നു. എസ് കെ ബാബു പട്ടാന്തറയാണ് ക്യാപ്റ്റന്‍ . 1970 കളിലാണ് കുമരകം ബോട്ട് ക്ലബ്ബിന്റെ തുടക്കം. ആദ്യം ഇരുട്ടുകുത്തിയിലാണ് മത്സരിച്ചത്. 1973 ആദ്യമായി കല്ലൂപ്പറമ്പന്‍ ചുണ്ടനിലെത്തിയ ഇവര്‍ നെഹ്റുട്രോഫിയുമായാണ് മടങ്ങിയത്. പിന്നീടുള്ള മൂന്നുവര്‍ഷവും ട്രോഫി നേടി ഹാട്രിക്ക് കൈവരിച്ചു. കുമരകം ബോട്ട് ക്ലബ് 1981ല്‍ ജവഹര്‍ തായങ്കരിയില്‍ കുറഞ്ഞ സമയത്തില്‍ ഫിനിഷ് ചെയ്ത റെക്കോര്‍ഡ് അടുത്തിടെയാണ് കൊല്ലം ജീസസ് ബോട്ട് ക്ലബ് മറികടന്നത്. 1982, 83, 84 വര്‍ഷങ്ങളില്‍ നെല്ലാനിക്കല്‍ പാപ്പച്ചന്റെ നേതൃത്വത്തില്‍ കാരിച്ചാല്‍ ചുണ്ടനില്‍ വീണ്ടും ഹാട്രിക്ക് നേടി. 2002ല്‍ സണ്ണി ജേക്കബിന്റെ നേതൃത്വത്തില്‍ ഇവര്‍ സുവര്‍ണ്ണ ജൂബിലി നെഹ്റുട്രോഫി സ്വന്തമാക്കി. വെള്ളംകുളങ്ങര ചുണ്ടനിലായിരുന്നു മത്സരിച്ചത്. വള്ളംകളിയുടെ ആചാര്യനായ പരേതനായ നെല്ലാനിക്കല്‍ പാപ്പച്ചന്റെ ടീം എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. നെഹ്റുട്രോഫി കൂടാതെ പായിപ്പാട് ജലോത്സവം, താഴത്തങ്ങാടി ജലോത്സവം, മുടങ്ങിപ്പോയ എറണാകുളം ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്രോഫിക്ക്വേണ്ടിയുള്ള വള്ളംകളി എന്നിവയില്‍ ഇവര്‍ മിന്നുന്ന വിജയം കൈവരിച്ചിട്ടുണ്ട്. സുകുമാരന്‍ താമരശേരി, പരേതരായ സുകുമാരന്‍ കൂനന്തറ, നെല്ലാനിക്കല്‍ പാപ്പച്ചന്‍ , വേലു പനയിടത്ത്ശ്ശേരി, പാറക്കല്‍ കുഞ്ഞച്ചന്‍ , കോക്കോത്ത് രാമദാസ്, സി പി നാണപ്പന്‍ പറത്തറ, എന്നിവരാണ് കുമരകം ബോട്ട്ക്ലബ് രൂപീകരണത്തിന് നേതൃത്വം നല്‍കിയത്. അഡ്വ. കെ സുരേഷ് കുറുപ്പ് എംഎല്‍എ പരിശീലനം ഉദ്ഘാടനംചെയ്തു. കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു ഫ്ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് പങ്കായം കൈമാറല്‍ ചേപ്പുംതറ സി പി കേശവന്‍ നിര്‍വഹിച്ചു. ഒന്നാംതുഴ തമ്പി മുണ്ടയിലും ഇടിയന്‍ സുകുമാരന്‍ താമരശ്ശേരിയും കൈമാറി. കെ എസ് സലിമോന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം കെ ടി സൈമണ്‍ പഞ്ചായത്തംഗങ്ങളായ വസുമതി ഉത്തമന്‍ , എ വി തോമസ്, കെ കെ രാരിച്ചന്‍ , സോണി നിലവത്തറ, പി കെ രാജേശ്വരി, കെ കെ രാരിച്ചന്‍ , അഡ്വ. എം എന്‍ പുഷ്കരന്‍ , വി ജി ശിവദാസ്, പി ജി ദേവദാസ്, സജു ജബോയി ഇല്ലിക്കളം, എസ് കെ ബാബു പട്ടാന്തറ എന്നിവര്‍ സംസാരിച്ചു. വൈസ് ക്യാപ്ടന്‍ വി എസ് കൊച്ചുമോന്‍ സ്വാഗതവും സെക്രട്ടറി പി പി ഷാജി നന്ദിയും പറഞ്ഞു.

പായിപ്പാട് ചുണ്ടനുമായി ആലപ്പുഴ ടൌണ്‍ ടീംതോമസ് ഐസക് എം.എല്‍.എ.പാടിയ വഞ്ചിപ്പാട്ടിന്റെ താളത്തില്‍ ആലപ്പുഴ ടൗണ്‍ ബോട്ട് ക്ലബ്ബംഗങ്ങള്‍ തുഴയെറിഞ്ഞപ്പോള്‍ പായിപ്പാട് ചുണ്ടന്റെ പരിശീലന തുടക്കത്തിന് വ്യത്യസ്ത മുഖം. ശനിയാഴ്ച രാവിലെ പുന്നമടക്കായലിലാണ് പായിപ്പാട് ചുണ്ടന്റെ പരിശീലനം ആരംഭിച്ചത്. പരിശീലനം ഉദ്ഘാടനം ചെയ്യാനെത്തിയ എം.എല്‍.എ. വളരെ വേഗമാണ് വള്ളംകളിയുടെ ആവേശത്തിലേക്കെത്തിയത്. ചുണ്ടനില്‍ ചാടിക്കയറിയ തോമസ് ഐസക് വഞ്ചിപ്പാട്ട് പാടി തുഴച്ചില്‍കാര്‍ക്ക് ആവേശം പകര്‍ന്നു. ഏറെ നേരം ഇവര്‍ക്കൊപ്പം ചെലവിട്ട ഇദ്ദേഹം തുഴക്കാരുമായി ഉച്ചക്ക് ഒരുമിച്ച് ഭക്ഷണവും കഴിച്ചു.
നെഹ്രു ട്രോഫി ജലോത്സവത്തിന് ദിവസങ്ങള്‍ ശേഷിക്കേ ഇനിയുള്ള ദിവസങ്ങളില്‍ പായിപ്പാട് ചുണ്ടന്റെ പരിശീലനം കാണുവാനും ഒപ്പം ചേരുവാനും ഉണ്ടാകുമെന്നും എം.എല്‍.എ.അറിയിച്ചു. ഉദ്ഘാടന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ.വിജയമ്മ അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് തോമസ് ജോസഫ് ഒന്നാം പങ്കായവും ടൗണ്‍ ബോട്ട് ക്ലബ് മുന്‍ ക്യാപ്റ്റന്‍ സുനില്‍ ജോസഫ് ഒന്നാം തുഴയും കൈമാറി. കൗണ്‍സിലര്‍ എം.വി.ഹല്‍ത്താഫ്, എസ്.എം.ഇക്ബാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
നെഹ്‌റു ട്രോഫി മുത്തമിടാന്‍ കാരിച്ചാല്‍

ഓളപ്പരപ്പില്‍ പുളകമണിയിച്ച് നെഹ്റുട്രോഫിയില്‍ 13-ാം തവണയും മുത്തമിടാന്‍ കാരിച്ചാല്‍ ചുണ്ടന്‍റെ  ചുണക്കുട്ടന്മാര്‍ തുഴയെറിഞ്ഞു. ഇത്തവണ കൈനകരി ഫ്രീഡം ബോട്ട് ക്ലബിന്റെ ചിറകിലേറിയാണ് വള്ളംകളി പ്രേമികളുടെ അഭിമാനഭാജനം കായലോളങ്ങള്‍ കീറിമുറിക്കുന്നത്. മധ്യതിരുവിതാംകൂറിലെ ജലമേളകളുടെ "കേളികൊട്ടായ" ചമ്പക്കുളം മൂലം വള്ളംകളിയില്‍ തീപാറിയ പോരാട്ടത്തിലൂടെ രാജപ്രമുഖന്‍ ട്രോഫി സ്വന്തമാക്കിയാണ് ഈ വര്‍ഷത്തെ കാരിച്ചാലിന്റെ തുടക്കം. 2008ലും 2009ലും കൊല്ലം ജീസസ് ബോട്ട് ക്ലബാണ് കാരിച്ചാലിനെ നെഹ്റുട്രോഫിയുടെ നെറുകയിലെത്തിച്ചത്. 2008 മുതല്‍ 2011 വരെ രണ്ടു മത്സരങ്ങളിലൊഴികെ കാരിച്ചാലിന്റെ ജൈത്രയാത്രയായിരുന്നു. മൂലം വള്ളംകളിയിലും, പുളിങ്കുന്ന് രാജീവ്ഗാന്ധി ട്രോഫിയിലും ഹാട്രിക് നേടി. 53 1/4 കോല്‍ നീളവും 51 അംഗുലം വണ്ണവുമുള്ള ചുണ്ടനില്‍ 81 തുഴക്കാരും, 7 നിലക്കാരും 5 പങ്കായക്കാരുമുണ്ട്. കാരിച്ചാലിനെ ചുണ്ടന്‍വള്ളങ്ങളുടെ രാജാവാക്കിയവരില്‍ പ്രമുഖനായ ജിജി ജേക്കബിന്റെ നേതൃത്വത്തിലാണ് ഇക്കുറിയും അങ്കത്തിനിറങ്ങുക. പള്ളാത്തുരുത്തി പൂക്കൈതയാറ്റില്‍ പരിശീലനം ആരംഭിച്ചിട്ട് മാസം പിന്നിട്ടു. രാവിലെ എട്ടിന് തുടങ്ങുന്ന പരിശീലനം വൈകിട്ട് ആറു വരെ നീളും. എണ്ണയിട്ടയന്ത്രം പോലെ ഒരുകൈയും ഒരുമെയ്യുമായി മുഴുവന്‍ തുഴക്കാരും കാരിച്ചാലിനെ അമരത്തെത്തിക്കാന്‍ അണിനിരന്ന് കഴിഞ്ഞു. തുഴച്ചില്‍ക്കാര്‍ക്ക് പ്രദേശിക, ക്ലബ് വ്യത്യാസമില്ലാതെ പങ്കെടുക്കാന്‍ അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫ്രീഡം ബോട്ട് ക്ലബിന് രൂപം കൊടുത്തതെന്ന് ക്യാപ്ടന്‍ ജിജി ജേക്കബ്  പറഞ്ഞു. കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിലുള്ളവരാണ് ഇതിലെ തുഴച്ചില്‍ക്കാര്‍ . വള്ളംകളിയെ സ്നേഹിക്കുന്നവരുടെയും തുഴച്ചില്‍ താല്‍പ്പര്യമുള്ളവരുടെയും കൂട്ടായ്മയാണ് ഈ സംരംഭം. തന്റെ നേതൃത്വത്തില്‍ 2008 മുതല്‍ വള്ളംകളിയില്‍ പ്രൊഫഷണലിസം കൊണ്ടുവരാനുള്ള ശ്രമം ഫലപ്രാപ്തിയിലാണ്. ഈ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗമെന്ന നിലയില്‍ ഫ്രീഡം ബോട്ട് ക്ലബിന്റെ നേതൃത്വത്തില്‍ വള്ളംകളി മത്സരം സംഘടിപ്പിക്കാന്‍ ആലോചനയുണ്ടെന്ന് ജിജി.

നെഹ്റുട്രോഫി ജലോത്സവത്തില്‍ പങ്കെടുക്കുന്ന വള്ളങ്ങളുടെ ട്രാക്കും ഹീറ്റ്സും


                              

നെഹ്റുട്രോഫി ജലോത്സവത്തില്‍ പങ്കെടുക്കുന്ന വള്ളങ്ങളുടെ ട്രാക്കും ഹീറ്റ്സും നിര്‍ണയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എഡിഎം കെ പി തമ്പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നറുക്കെടുപ്പിലൂടെയായിരുന്നു തീരുമാനം.
ആഗസ്റ്റ് 13ന് പുന്നമടക്കായലില്‍ നടക്കുന്ന ജലോത്സവത്തില്‍ 19 ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പടെ 59 വള്ളങ്ങള്‍ പങ്കെടുക്കും. ഇതില്‍ 16 ചുണ്ടന്‍വള്ളങ്ങള്‍ നാല് ഹീറ്റ്സുകളിലായി പ്രാഥമിക മത്സരത്തിലും മൂന്ന് വള്ളങ്ങള്‍ പ്രദര്‍ശന തുഴച്ചിലിലും പങ്കെടുക്കും. നടുഭാഗം, വടക്കേ ആറുപുറം, സെന്‍റ് ജോര്‍ജ് എന്നീ വള്ളങ്ങളെയാണ് പ്രദര്‍ശന തുഴച്ചിലിലേക്ക് മാറ്റിയത്.

ഇ.എസ്‌ ധര്‍മജന്‍ ക്യാപ്‌റ്റനായുള്ള അമൃതാ ബോട്ടുക്ലബ്‌ തെക്കന്‍പറവൂരിന്റ കൈക്കരുത്തിലെത്തുന്ന ചെറുതനച്ചുണ്ടന്‍ സ്വാന്‍ ചാക്കോച്ചന്‍ നയിക്കുന്ന കൊല്ലം ജീസസിന്റെ ദേവസ്‌, ജോയിച്ചന്‍ പാലയ്‌ക്കല്‍ നേതൃത്വം നല്‍കുന്ന ദേവമാതാ ബോട്ട്‌ക്ലബ്‌ എത്തിക്കുന്ന ആലപ്പാട്‌ പുത്തന്‍ചുണ്ടന്‍, രാജന്‍ കെ. എബ്രഹാം നായകനായുള്ള കുമരകം വില്ലേജ്‌ ബോട്ട്‌ ക്ലബ്‌ തുഴയെറിയുന്ന നിലവിലെ ചാമ്പ്യനായ ജവഹര്‍തായങ്കരി എന്നിവരാണ്‌ ഒന്നാംഹീറ്റ്‌സില്‍ യഥാക്രമം ഒന്നു മുതല്‍ നാലുവരെ ട്രാക്കുകളിലായി മത്സരിക്കുന്നത്‌.

രണ്ടാംഹീറ്റ്‌സില്‍ ഒന്നാം ട്രാക്കിലൂടെ അമൃതപ്രസാദ്‌ ക്യാപ്‌റ്റനായുള്ള യു.ബി.സി കൈനകരിഎത്തുന്നു മുട്ടേല്‍ കൈനകരി ചുണ്ടനില്‍ .കെ. സുകുമാരന്‍ നയിക്കുന്ന ചതുര്‍ഥ്യാകരി ഗുരുദേവ ബോട്ട്‌ ക്ലബ്‌ തുഴയുന്ന കരുവാറ്റ ചുണ്ടന്‍ രണ്ടാംട്രാക്കിലും എസ്‌.കെ ബാബുന്‍ ക്യാപ്‌റ്റനായ കുമരകം ബോട്ട്‌ ക്ലബിലെ ചുണക്കുട്ടന്മാരില്‍ പ്രതീക്ഷയര്‍പ്പിച്ചെത്തുന്ന ഇല്ലിക്കളം മൂന്നാം ട്രാക്കിലും വി.കെ രാജപ്പന്‍ നായകനായുള്ള കാവാലം ബോട്ട്‌ ക്ലബ്‌ തുഴയുന്ന പുളിങ്കുന്ന്‌ ചുണ്ടന്‍ നാലാം ട്രാക്കിലൂടെയും മത്സരിക്കും.

സന്തോഷ്‌ അടൂരാന്‍ ക്യാപ്‌റ്റനായ കൊല്ലം ടൗണ്‍ ബോട്ടുക്ലബിന്റെ കരുവാറ്റ ശ്രീവിനായകന്‍, കെ.ജെ ജോമോന്‍ നയിക്കുന്ന ചങ്ങങ്കരി സി.ബി.സി തുഴയുന്ന ആയാപറമ്പ്‌ വലിയദിവാന്‍ജി, കെ.കെ ഷൈജു നയിക്കുന്ന ആലപ്പുഴ ടൗണ്‍ ബോട്ട്‌ ക്ലബിന്റെ പായിപ്പാട്‌, സാജന്‍ കൈതവനത്തറ നായകനായുള്ള ചേന്നങ്കരി എമിറേറ്റ്‌സ് ബോട്ട്‌ക്ലബ്‌ എത്തിക്കുന്ന ചമ്പക്കുളം എന്നീ ചുണ്ടന്‍വള്ളങ്ങളാണ്‌ ജലരാജ പട്ടത്തിനായി മൂന്നാംഹീറ്റ്‌സില്‍ മത്സരിക്കുന്നത്‌.

ഏറ്റവും ശക്‌തമായ പോരാട്ടം പ്രതീക്ഷിക്കുന്ന നാലാം ഹീറ്റ്‌സില്‍ നിലവിലെ ചാമ്പ്യന്മാരായ ടോമിച്ചന്‍ മുളകുപാടം നയിക്കുന്ന കുമരകം ടൗണ്‍ബോട്ട്‌ക്ലബ്‌ ശ്രീഗണേശനിലും കെ.സി കുഞ്ഞുമോന്‍ നയിക്കുന്ന ജൂനിയര്‍ സി.ബി.സി വെള്ളംകുളങ്ങരയിലും ആലിയാസ്‌ വര്‍ഗീസ്‌ നേതൃത്വം നല്‍കുന്ന പിറവംബോട്ട്‌ ക്ലബ്‌ ആനാരിച്ചുണ്ടനിലും ചമ്പക്കുളം ജലോത്സവത്തിലെ ജേതാവായ ജിജി ജേക്കബ്‌ പൊള്ളിയില്‍ നയിക്കുന്ന ഫ്രീഡം ബോട്ട്‌ ക്ലബ്‌ തുഴയുന്ന കാരിച്ചാല്‍ എന്നീ ചുണ്ടന്‍ വള്ളങ്ങള്‍ യഥാക്രമം ഒന്നു മുതല്‍ നാലുവരെ ട്രാക്കുകളിലായി മത്സരിക്കും.
.


ഇരുട്ടുകുത്തി ബി ഗ്രേഡില്‍ അഞ്ച് വള്ളങ്ങളെ പ്രദര്‍ശന തുഴച്ചിലിനായി മാറ്റി. ജിബി തട്ടകന്‍ , ശ്രീമുരുകന്‍ , വേമ്പനാട്, സെന്‍റ് സെബാസ്റ്റ്യന്‍ നമ്പര്‍ ടു, ഹനുമാന്‍ നമ്പര്‍ ടു എന്നിവയാണ് ഈ വള്ളങ്ങള്‍ . ഇതില്‍ ഹനുമാന്‍ നമ്പര്‍ ടു ട്രാക്കിന് പുറത്തുകൂടിയാകും തുഴയുക. ജലോത്സവത്തില്‍ പങ്കെടുക്കുന്ന എല്ലാ വള്ളങ്ങള്‍ക്കും പത്തുശതമാനം ബോണസ് തുക വര്‍ധിപ്പിക്കാന്‍ നെഹ്റുട്രോഫി ബോട്ട്റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. നിര്‍ദേശങ്ങള്‍ പാലിക്കാതെ അച്ചവടക്കലംഘനം കാട്ടുന്ന വള്ളങ്ങളെ അയോഗ്യരാക്കും.